പത്തനംതിട്ട ചെന്നീർക്കരയിൽ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി എറിഞ്ഞു. പെരുമ്പാമ്പിനെ ഏറ്റെടുക്കാൻ വനപാലകർ എത്താൻ വൈകി എന്നാരോപിച്ചാണ് നാട്ടുകാരിൽ ചിലർ പാമ്പിനെ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്ത് ഇട്ടത്. പൊലീസ് സ്റ്റേഷനിൽ വച്ച് പ്രശ്നം ചർച്ച ചെയ്ത പരിഹരിച്ചു.
ചെന്നീർക്കര ആറാം വാർഡ് മെമ്പർ ബിന്ദു ടി ചാക്കോയുടെ വീടിന്റെ മുറ്റത്തേക്ക് ആണ് പെരുമ്പാമ്പിനെ അറിഞ്ഞത്. ചെന്നീർക്കര പഞ്ചായത്തിനോട് ചേർന്നാണ് ബിന്ദുവിന്റെ വീട്. സമീപത്ത് പെരുമ്പാമ്പിനെ പിടികൂടിയതായി പഞ്ചായത്ത് അംഗത്തെ ഒരു സംഘം നാട്ടുകാർ അറിയിച്ചിരുന്നു. പഞ്ചായത്ത് അംഗം വനപാലകരെയും വിവരമറിയിച്ചു. വനപാലകർ എത്താൻ വൈകുന്നതിൽ നാട്ടുകാരിൽ ചിലർ രോഷാകുലരായി. കാത്തുനിൽക്കാൻ വയ്യെന്നും വനപാലകരെത്താൻ ഇനിയും വൈകിയാൽ പെരുമ്പാമ്പിനെ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് ഉപേക്ഷിക്കുമെന്നും ഭീഷണിപ്പെടുത്തി. അൽപസമയം കഴിഞ്ഞാണ് വീട്ടുമുറ്റത്ത് ചാക്കിൽ കെട്ടിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്. വനപാലകരെത്തി പെരുമ്പാമ്പിനെ ഏറ്റെടുത്തു.
ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ വച്ച് ഇരുകുട്ടരും സംസാരിച്ചു. വനപാലകർ എത്താൻ വൈകിയതിൽ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തു പോയെന്ന വാദം പഞ്ചായത്തംഗം അംഗീകരിച്ചു. പൊലീസ് സ്റ്റേഷനിൽ വച്ച് പാമ്പിനെ ഇട്ടവർ ഖേദം പ്രകടിപ്പിച്ചതോടെ കേസ് വേണ്ടെന്ന് പഞ്ചായത്തംഗം പറഞ്ഞു.
