തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ആണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.
മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടി മിന്നല്‍ ജാഗ്രത കര്‍ശനമായി പാലിക്കണം എന്നും അധികൃതര്‍ പറഞ്ഞു. അതേസമയം കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടേയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കാറ്റിന്റേയും സ്വാധീനഫലമായാണ് തുലാവര്‍ഷം ശക്തമാകുന്നത്.


