ഐ.ടി.ഐ. വികസനത്തിന് 1,444 കോടിയുടെ പദ്ധതി





തിരുവനന്തപുരം : സംസ്ഥാനത്തെ ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1,444 കോടി രൂപയുടെ പദ്ധതി കേരളം ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ നൈപുണ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ സമർപ്പിച്ചതായി പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിൽ രൂപകല്പന ചെയ്ത ഈ പദ്ധതി പ്രകാരം തിരുവനന്തപുരം (ചാക്ക), എറണാകുളം (കളമശ്ശേരി), കോഴിക്കോട്, പാലക്കാട് (മലമ്പുഴ) എന്നിവിടങ്ങളിലെ ഐ.ടി.ഐ.കൾ ഹബ്ബുകളായും 16 ഐ.ടി.ഐ.കൾ സ്‌പോക്കുകളായും വികസിപ്പിക്കും. ഓരോ ഹബ്ബിനും 200 കോടിയും സ്‌പോക്കിന് 40 കോടിയും വിനിയോഗിക്കും.

50% കേന്ദ്ര വിഹിതം, 33.33% സംസ്ഥാന വിഹിതം, 16.67% വ്യവസായ സ്ഥാപനങ്ങളുടെ സി.എസ്.ആർ. ഫണ്ട് എന്നിവയിലൂടെ അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. കളമശ്ശേരിയിൽ 290 കോടി ചെലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെട്രോ ആന്റ് റെയിൽ ടെക്‌നോളജി (ഐ.എം.ആർ.ടി.) സ്ഥാപിക്കും. തിരുവനന്തപുരത്തും എറണാകുളത്തും 11 കോടി രൂപ ചെലവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് (ഐ.ഐ.എഫ്.എൽ.) കേന്ദ്രങ്ങളും ആരംഭിക്കും.  ഇരുപതിനായിരം സ്‌ക്വയർഫീറ്റിൽ സ്ഥാപിക്കുന്ന ഈ കേന്ദ്രങ്ങൾ എറണാകുളം അങ്കമാലിയിലെ കെയിസിന്റെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിലും  തിരുവനന്തപുരത്ത് കരമനയിലും ആണ്  സ്ഥാപിക്കുന്നത്.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: