ജഡേജയുടെ പോരാട്ടം വിഫലമായി;ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതി തോറ്റു




ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതി വീണു. 193 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം 170 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിന് 22 റണ്‍സ് വിജയം. 181 പന്തുകള്‍ നേരിട്ട് 61 റണ്‍സുമായി പുറത്താകാതെ ഒരറ്റത്തു നിന്ന രവീന്ദ്ര ജഡേജയുടെ പോരാട്ടം വിഫലമായി. ഷൊയ്ബ് ബഷീറിന്റെ ഏറ് പ്രതിരോധിച്ച് സിറാജ് ക്രീസില്‍ തട്ടിയിട്ട പന്ത് ഉരുണ്ടു കയറി ബെയ്ല്‍ ഇളകി വീണതോടെയാണ് ഇന്ത്യയുടെ ചെറുത്തു നില്‍പ്പ് അവസാനിച്ചത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1നു മുന്നില്‍. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബ്രയ്ഡന്‍ കര്‍സ് രണ്ട് വിക്കറ്റെടുത്തു. ഷൊയ്ബ് ബഷീര്‍, ക്രിസ് വോക്‌സ് ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റേയും ഇന്ത്യയുടേയും ഒന്നാം ഇന്നിങ്‌സ് 387 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 192 റണ്‍സിനും പുറത്തായി.

വാലറ്റത്ത് നിതീഷ് കുമാര്‍ റെഡ്ഡി 53 പന്തുകള്‍ നേരിട്ട് 13 റണ്‍സും ജസ്പ്രിത് ബുംറ 54 പന്തുകള്‍ പ്രതിരോധിച്ച് നേടിയ 5 റണ്‍സും അവസാനമിറങ്ങിയ മുഹമ്മദ് സിറാജ് 30 പന്തുകള്‍ നേരിട്ട് 4 റണ്‍സെടുത്തും ജഡേജയ്ക്ക് ഉറച്ച പിന്തുണ നല്‍കിയതോടെ ഒരുവേള ഇന്ത്യ ജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അനിവാര്യമായ തോല്‍വി തടയാന്‍ ആര്‍ക്കുമായില്ല.

അഞ്ചാം ദിനത്തില്‍ ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യയ്ക്ക് 112 റണ്‍സ് ചേര്‍ക്കുന്നതിനിടെ 8 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അവിടെ നിന്നാണ് ജഡേജ വാലറ്റത്തെ 3 പേരെ കൂട്ടുപിടിച്ച് സ്‌കോര്‍ 170 വരെ എത്തിച്ചത്.

193 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യയുടെ 7 വിക്കറ്റുകള്‍ 82 റണ്‍സിനിടെ വീഴ്ത്താന്‍ ഇംഗ്ലണ്ടിനായി. എട്ടാം വിക്കറ്റില്‍ ജഡേജയും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്നു പിന്നീട് സ്‌കോര്‍ മുന്നോട്ടു നയിച്ചു. ഉച്ച ഭക്ഷണത്തിനു പിരിയുന്നതിനു തൊട്ടു മുന്‍പ് ക്രിസ് വോക്സ് നിതീഷിനെ പുറത്താക്കി ഇന്ത്യയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. നിതീഷ് 53 പന്തുകള്‍ ചെറുത്ത് 13 റണ്‍സുമായി മടങ്ങി.


4 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം തുടങ്ങിയത്. തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.

സ്‌കോര്‍ 71ല്‍ നില്‍ക്കെ ഋഷഭ് പന്തും 81ല്‍ എത്തിയപ്പോള്‍ കെഎല്‍ രാഹുലും പുറത്തായി. പന്തിനെ ജോഫ്ര ആര്‍ച്ചറും രാഹുലിന് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സുമാണ് മടക്കിയത്. രാഹുല്‍ 39 റണ്‍സെടുത്തു. പന്ത് 9 റണ്‍സുമായും പുറത്തായി. പിന്നാലെ എത്തിയ വാഷിങ്ടന്‍ സുന്ദര്‍ 4 പന്തുകള്‍ മാത്രം നേരിട്ട് പൂജ്യനായി പുറത്തായി. താരത്തെ ആര്‍ച്ചര്‍ സ്വന്തം ബൗളിങില്‍ പിടിച്ചു പുറത്താക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: