തിരുവനന്തപുരം: പ്രഭാത ഭക്ഷണത്തില്‍ മുടി കണ്ടതിനെ ചോദ്യം ചെയ്ത ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നയാളുടെ ശരീരത്തില്‍ ജയില്‍ ഉദ്യോഗസ്ഥന്‍ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു.
പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു.
കഴിഞ്ഞ 10നാണ് സംഭവം. നാലു മാസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ലിയോണ്‍ ജോണ്‍സിന്റെ ദേഹത്താണ് ചൂടുവെള്ളമൊഴിച്ചത്. ഗുരുതര പൊള്ളലേറ്റ ലിയോണ്‍ ജയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുഖ്യമന്ത്രിക്കെതിരായ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിനാലാണ് തുമ്പ സ്വദേശി ലിയോൺ ജോൺസ് അറസ്റ്റിലായത് . ഷർട്ട് ധരിക്കാതെ പൊള്ളിയ പാടുകളുമായാണ് തടവുകാരൻ കോടതിയിൽ വന്നത്.