വീട്ടിലെ കിണറ്റിൽ ജയിൽ സൂപ്രണ്ടിന്റെ മൃതദേഹം; മരണം വിരമിക്കാൻ 4 മാസം മാത്രം അവശേഷിക്കെ

വിഴിഞ്ഞം: തിരുവനന്തപുരം സ്പെഷൽ സബ് ജയിൽ സൂപ്രണ്ടിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിനുള്ളിൽ കണ്ടെത്തി. വെങ്ങാനൂർ വെണ്ണിയൂർ പമ്പ് ഹൗസിനു സമീപം മാവറത്തല ‘സരസിൽ’ എം.സുരേന്ദ്രൻ (55) ആണ് മരിച്ചത്. വിരമിക്കാൻ 4 മാസമുള്ളപ്പോഴാണ് മരണം. ഏതാനും ദിവസങ്ങളായി സുരേന്ദ്രൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. അസ്വസ്ഥത മാറാത്തതിനാൽ ഇന്നലെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ തയാറെടുക്കുമ്പോഴാണ് സംഭവമെന്നും ബന്ധുക്കൾ അറിയിച്ചു.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്നും മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഭാര്യ: ബിന്ദു. മകൻ: നിഖിൽ.

കരമനയ്ക്കു സമീപം കുഞ്ചാലുംമൂടിലാണ് സ്പെഷൽ സബ് ജയിലിൽ പ്രവർത്തിക്കുന്നത്. നെയ്യാറ്റിൻകര സ്പെഷൽ സബ് ജയിൽ അസി. സൂപ്രണ്ടായി ജോലി ചെയ്യുന്നതിനിടെയാണ് തിരുവനന്തപുരം സ്പെഷൽ സബ് ജയിൽ സൂപ്രണ്ടായി എത്തിയത്.

ഏതാനും മാസം മുൻപായിരുന്നു സുരേന്ദ്രന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ്. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സബ് ജയിലിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് വീട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. സുരേന്ദ്രന് ജോലി സ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ഉന്നത ജയിൽ വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: