തിരുവനന്തപുരം: പുതുവർഷത്തിൽ പുതിയ ജയിൽ തട്ടുകട ആരംഭിക്കാൻ പൂജപ്പുര. തട്ടുകടയും പുതിയ പാഴ്സൽ കൗണ്ടറുകളും പ്രവർത്തനമാരംഭിക്കുന്നത് ജയിൽ വകുപ്പിന്റെ പൂജപ്പുരയിലെ ഭക്ഷണശാലയ്ക്ക് തൊട്ടടുത്തായാണ്. ഇതിന്റെ അവസാനവട്ട ജോലികൾ പുരോഗമിക്കുകയാണ്. ജനുവരിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചു.
നേരത്തെ ഭക്ഷണശാലയിൽ പാഴ്സൽ കൗണ്ടറുകളും ഉണ്ടായിരുന്നു. ഇത് മാറ്റിയാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. ജയിൽ വകുപ്പിന്റെ പഴയ വാഹനം മോടിപിടിപ്പിച്ച് അതിനകത്തായാണ് തട്ടുകടയും പാഴ്സൽ കൗണ്ടറും പ്രവർത്തിക്കുക. ആളുകൾക്ക് റോഡിന്റെ ഓരം ചേർന്ന് ചായയും പലഹാരങ്ങളും കഴിക്കുന്നതിനൊപ്പം പാഴ്സലുകളും വാങ്ങി മടങ്ങാം. ഭക്ഷണശാലയിലേക്ക് ചായ കുടിക്കാനായി എത്തുന്നവരെ ലക്ഷ്യമിട്ടാണ് തട്ടുകട വാൻ ആരംഭിച്ചിരിക്കുന്നത്. ചായയ്‌ക്കൊപ്പം ജയിൽ അന്തേവാസികൾ ഉണ്ടാക്കുന്ന പലഹാരങ്ങളുമുണ്ട്.
ജയിൽ വകുപ്പിന്റെ വർഷങ്ങൾ പഴക്കമുള്ള വാഹനമാണ് ആകർഷകമായ രീതിയിൽ പുതുക്കിയിരിക്കുന്നത്. കൗണ്ടറുകളിലൂടെ നൽകി വന്നിരുന്ന ചപ്പാത്തി,ചിക്കൻ,ബീഫ്,ബിരിയാണി, പലഹാരങ്ങൾ തുടങ്ങിയവ തട്ടുകട വാനിലൂടെയും ലഭിക്കും.

