ചെന്നൈ: ഒടിടി റിലീസിനൊരുങ്ങവെ രജനികാന്ത് ചിത്രം ജയിലറിന്റെ എച്ച്ഡി പ്രിന്റ് ചോർന്നു. ബോക്‌സോഫീസിൽ വമ്പൻ ഹിറ്റായിരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചിത്രം ഒടിടിയിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രിന്റ് ടെലഗ്രാമിൽ അടക്കം ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചിത്രത്തിലെ രംഗങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ പൂർണഭാഗം ഇത്തരത്തിൽ ടെലഗ്രാമിൽപ്രചരിക്കുന്നതിനാൽ ഇത് തിയറ്ററുകളിലെ പ്രദർശനത്തെ ബാധിക്കും. ആഗോളതലത്തിൽ കളക്ഷൻ 500 കോടിയും കടന്ന് കുതിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ പ്രിന്റ് ചോർന്നിരിക്കുന്നത്.
നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ്ബായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ(ആർ.സി.ബി) ജഴ്സി അനുവാദമില്ലാതെ സിനിമയിൽ ഉപയോഗിച്ചത് വിവാദമായിരുന്നു. ആ രംഗത്തിൽ മാറ്റം വരുത്തുമെന്ന് ‘ജയിലർ’ നിർമ്മാതാക്കളായ സൺ പിക്ചേഴ്‌സ് അറിയിച്ചിരുന്നു. സെപ്തംബർ ഒന്നിനകം മാറ്റം വരുത്തിയായിരിക്കും ചിത്രം പ്രദർശനം തുടരുകയെന്ന് നിർമാതാക്കൾ ഉറപ്പ് നൽകിയിരുന്നു.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധിമാരൻ നിർമിച്ച ജയിലർ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തിയത്. മോഹൻലാൽ രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രമാണ് ‘ജയിലർ’. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജനികാന്ത് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
