മരണാനന്തര അവയവദാനത്തിലൂടെ 5 പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് ജയ ലോകത്തോട് വിടപറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ച ചേരാനല്ലൂര്‍ കണ്ടോളിപറമ്പില്‍ ജയ ശശികുമാറിന്റെ (62) അവയവങ്ങളാണ് ദാനം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണ് അവയവദാനത്തിലൂടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
13-ന് ചിറ്റൂര്‍ ജയകേരള സ്റ്റോപ്പിനു സമീപമുണ്ടായ വാഹനാപകടത്തിലാണ് ജയയ്ക്ക് പരിക്കേറ്റത്. റോഡിലൂടെ നടന്നുപോകുമ്പോള്‍ പിന്നില്‍ നിന്നെത്തിയ സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജയ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 9 മണിയോടെ ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മരണാനന്തര അവയവദാനത്തിന് സമ്മതമറിയിച്ച് ബന്ധുക്കള്‍ മുന്നോട്ടു വരുകയായിരുന്നു.
കരള്‍, രണ്ടു വൃക്കകള്‍, രണ്ട് കോര്‍ണിയകള്‍ എന്നിവയാണ് ദാനം ചെയ്തത്. ഇതില്‍ കരള്‍, ഒരു വൃക്ക, കോര്‍ണിയകള്‍ എന്നിവ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് രോഗികള്‍ക്കും ഒരു വൃക്ക കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കുമാണ് നല്‍കിയത്

