ബെംഗളൂരു: കർണാടകയിൽ ബി.ജെ.പിയുമായി കൈകോർത്ത് ജെ.ഡി.എസ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒന്നിച്ചുനേരിടാനാണ് ഇരു പാർട്ടികളും തമ്മിൽ ധാരണയായിരിക്കുന്നത്.ബിജെപിയും ജെഡിഎസും സഖ്യം ഉറപ്പിച്ചതായി ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ പറഞ്ഞു. നാല് സീറ്റുകൾക്കാണ് ധാരണയായതെന്നും ജെഡിഎസിന് നാല് ലോക്‌സഭാ സീറ്റുകൾ അമിത് ഷാ സമ്മതിച്ചതായും യെദ്യൂരപ്പ ബെംഗളൂരുവിൽ പറഞ്ഞു.
ജെഡിഎസ് നേതാവ് എച്ച്‌ഡി ദേവഗൗഡയെയും അടുത്തിടെ ബിജെപി അധ്യക്ഷൻ ജെപി നദ്ദ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടിരുന്നു. ബിജെപിയും ജെഡിഎസും സഖ്യത്തിലേർപ്പെടുമെന്ന് അന്നത്തെ യോഗം സൂചന നൽകിയിരുന്നു. സഖ്യം സംബന്ധിച്ച അന്തിമ പ്രഖ്യാപനം ബിജെപി ദേശീയ നേതൃത്വം അടുത്ത ദിവസങ്ങളിൽ നടത്തുമെന്നാണ് വിവരം.
കർണാടക പ്രതിപക്ഷ നേതൃപദവിയും ജെഡിഎസിനു വിട്ടുനൽകുമെന്നാണ് സൂചന. മാണ്ഡ്യ, ഹാസൻ, തുംകുരു, ചിക്ബെല്ലാപൂർ, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിൽ മത്സരിക്കാൻ ജെഡിഎസ് ആഗ്രഹിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കോലാർ, ഹാസൻ, മാണ്ഡ്യ, ബെംഗളൂരു റൂറൽ എന്നീ നാല് സീറ്റുകളിൽ മത്സരിക്കാൻ ബിജെപി സമ്മതിച്ചതായാണ് വിവരം