കിളിമാനൂർ : കേരളോത്സവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് സംഘടിപ്പിച്ച ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റിൽ ജേഴ്സി നൽകിയില്ലെന്ന് ആരോപിച്ച് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ക്രിക്കറ്റ് ടീം അംഗങ്ങൾ ലുങ്കി ഉടുത്ത് കളിച്ച് പ്രതിഷേധിച്ചു.
പരിശീലനം നടക്കുന്ന സമയത്ത് മുതൽ ജേഴ്സി വേണമെന്ന് ബ്ലോക്ക് പഞ്ചായത്ത്
അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫണ്ടില്ലാത്തതിനാൽ ജേഴ്സി തരാൻ കഴിയില്ലെന്നും വേണമെങ്കിൽ കളിച്ചാൽ മതിയെന്നുമായിരുന്നു കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുള്ള മറുപടി.
വെള്ളിയാഴ്ച മത്സരം നടന്ന കണിയാപുരം മുസ്‌ലിം ഹൈസ്കൂൾ ഗ്രൗണ്ടിൽ എത്തിയപ്പോൾ മറ്റു ടീം അംഗങ്ങൾ ജേഴ്സി ഇട്ടാണ് കളിക്കാൻ ഇറങ്ങിയത്. ഇതിൽ പ്രതിഷേധിച്ചാണ് ലുങ്കി
ഉടുത്ത് മത്സരത്തിൽ പങ്കെടുത്തത്.
ആദ്യ കളികളിൽ ജയിച്ചെങ്കിലും സെമിയിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയോട് പരാജയപ്പെട്ട് കിളിമാനൂർ ടീമിന് മടങ്ങേണ്ടി വന്നു.
