സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി 

കൊച്ചി:മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് ആധാരമെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് സോഫി തോമസ് ആണ് പരിഗണിച്ചത്. കേസിൽ ജനുവരി 24ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകാൻ സുരേഷ് ഗോപിയോട് കോടതി നിർദേശിച്ചു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം വന്നാൽ 25,000 രൂപയും തുല്യത്തുകയ്ക്കുള്ള രണ്ടു ആൾജാമ്യത്തിലും ജാമ്യത്തിൽ വിട്ടയ്ക്കണമെന്നും കോടതി നിർദേശിച്ചു.

ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ്ഐആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്ത‌തെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.

ഒക്ടോബർ 27 നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസിനാസ്‌പദമായ സംഭവം. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യം ഉയർത്തിയ വനിത മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തിയിൽ ആദ്യം തന്നെ മാധ്യമപ്രവർത്തക അനിഷ്ട‌ം പ്രകടിപ്പിച്ചെങ്കിലും വീണ്ടും സുരേഷ് ഗോപി ആവർത്തിച്ചു. ഇതോടെ മാധ്യമ പ്രവർത്തക സുരേഷ് ഗോപിയുടെ കൈ എടുത്ത് മാറ്റി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: