തിരുവനന്തപുരം: ജസ്റ്റിസ് എസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ. സർക്കാരിന്റെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകുകയായിരുന്നു. കേരള നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പ് നൽകിയിരുന്നു. കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു എസ് മണികുമാർ.
മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്‌ജി എന്നിവരെയാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നത്. ഏപ്രിൽ 24 നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ വിരമിച്ചത്.
കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് മണികുമാറിന് സർക്കാർ വക യാത്രയയപ്പ് നൽകിയിരുന്നു. ഇതു പിന്നീട് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. കേരള ചരിത്രത്തിൽ ഇതുവരെ കേൾക്കാത്ത സംഭവമാണെന്ന് നിയമവ്യത്തങ്ങളിൽ തന്നെ ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവരായിരുന്നു അന്ന് യാത്രയയപ്പ് നൽകിയത്.

