തിരുവനന്തപുരം: കേരളത്തില്‍ ഒരു കാലത്തും സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃക്ഷാമം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്. എല്ലാവരും പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരാണ്. ശശി തരൂരിന് പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് അദ്ദേഹത്തെ കൂടെ നിര്‍ത്തണം. ആരും പാര്‍ട്ടിക്ക് പുറത്തു പോകാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും കെ മുരളീധരന് പറഞ്ഞു.
ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ തരൂരിന്റെ സേവനവും പാര്‍ട്ടിക്ക് ആവശ്യമാണ്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. ആര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പരിധി വിട്ടു പോകരുത്. ശശി തരൂര്‍ ഇതുവരെ പരിധി വിട്ടിട്ടൊന്നുമില്ലെന്നും കെ മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് താന്‍ എന്നൊന്നും തരൂര്‍ പറഞ്ഞിട്ടില്ല. രാഷ്ട്രീയം അറിഞ്ഞുകൂടാത്ത ആളൊന്നുമല്ല അദ്ദേഹം. അദ്ദേഹത്തിന്റെ സേവനം ഏതു ഫീല്‍ഡിലാണോ, അത് പ്രയോജനപ്പെടുത്തണമെന്നാണ് തരൂര്‍ ആഗ്രഹിച്ചത്. ദേശീയ രാഷ്ട്രീയത്തിലാണ് അദ്ദേഹത്തിന് കൂടുതല്‍ സംഭാവന നല്കാന് കഴിയുക. കേരളത്തില്‍ പിണറായി വിചാരിച്ചാല്‍ പോലും മൂന്നാമത് അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്നും കെ മുരളീധരന് പറഞ്ഞു.
