Headlines

കെ മുരളീധരന്‍ തലയെടുപ്പുള്ള നേതാവ്; ചുവരെഴുതിയതും പോസ്റ്റര്‍ ഒട്ടിച്ചതും സ്വാഭാവികം; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പിന്‍മാറും; ടിഎന്‍ പ്രതാപന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ടിഎന്‍ പ്രതാപന്‍ എംപി. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാലും മാറിനില്‍ക്കാന്‍ പറഞ്ഞാലും അത് ചെയ്യുമെന്ന് പ്രതാപന്‍ പറഞ്ഞു. കോണ്‍ഗ്രസ് തന്റെ ജീവനാണെന്നും ഇന്ത്യയറിയുന്ന രാഷ്ട്രീയക്കാരനായി തന്നെ മാറ്റിയത് പാര്‍ട്ടിയാണെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ന് ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷമാവും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളാരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നെയുള്ളു. ബാക്കിയുള്ള വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടിയാണെന്നും പ്രതാപന്‍ പറഞ്ഞു.

തൃശൂരില്‍ ആര് മത്സരിച്ചാലും പൂര്‍ണ പിന്തുണ നല്‍കും. ചുവരെഴുതിയും പോസ്റ്റര്‍ ഒട്ടിച്ചതും സ്വാഭാവികം കെ മുരളീധരന്‍ തലയെടുപ്പുള്ള നേതാവാണെന്നും മികച്ച ലീഡറാണെന്നും ഓപ്പറേഷന്‍ താമര വിജയിക്കില്ലെന്നും പ്രതാപന്‍ പറഞ്ഞു.


ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഡി സതീശനും പറഞ്ഞു.സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും.

തൃശൂരില്‍ ടി എന്‍ പ്രതാപനു പകരം കെ മുരളീധരനെ മത്സരിപ്പിക്കാനാണ് തീരുമാനം. വടകരയില്‍ ഷാഫി പറമ്പിലിനെയും ആലപ്പുഴയില്‍ കെസി വേണുഗോപാലും സ്ഥാനാര്‍ഥികളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലും സിറ്റിങ് എംപിമാരെ നിലനിര്‍ത്തും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, രേവന്ത് റെഡ്ഡി എന്നിവര്‍ പങ്കെടുത്തു. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഓണ്‍ലൈനിലൂടെയാണ് യോഗത്തില്‍ പങ്കെടുക്കുത്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: