Headlines

കെ സ്മാർട്ട് കേരളത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കും : മന്ത്രി എം.ബി. രാജേഷ്

കാട്ടാക്കട:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ- സ്മാര്‍ട്ട് സോഫ്റ്റ്‌വെയർ കേരളത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഗ്യാസ് ക്രിമറ്റോറിയവും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാ ഗെയിംസ് ഫെസ്റ്റിവലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് മാറനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഗ്യാസ് ക്രിമറ്റോറിയം നിർമിച്ചത്. ജില്ലാ പഞ്ചായത്തിന്റെ 1.30 കോടി രൂപയും പഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്ന് 45 ലക്ഷം രൂപയും വിനിയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. മാറനല്ലൂർ മലവിള കുക്കിരിപ്പാറയ്ക്കു സമീപം പഞ്ചായത്തുവക 1.75 ഏക്കർ സ്ഥലത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്.

ജനനം മുതൽ മരണം വരെ മനുഷ്യന്റെ അന്തസ് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. അതിദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. എല്ലാവർക്കും അടച്ചുറപ്പുള്ള വീട് നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ലൈഫ് പദ്ധതിയിൽ കേരളം ഇതുവരെ 17,084 കോടി രൂപയാണ് ചെലവിട്ടത്. ഈ മാർച്ചിൽ അഞ്ചു ലക്ഷം വീടുകൾ ലൈഫ് പദ്ധതി വഴി പൂർത്തിയാകും.അടുത്ത രണ്ടു വർഷം കൊണ്ട് രണ്ടര ലക്ഷം വീടുകൾ കൂടി പൂർത്തിയാക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും മാത്രം പ്രവർത്തിക്കുന്ന കെ സ്മാർട്ട് സംവിധാനം ഏപ്രിൽ ഒന്നോടുകൂടി ഗ്രാമ പഞ്ചായത്തുകളിലേക്കും നീട്ടും. ഇതോടെ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിലും സുതാര്യമായും കാര്യക്ഷമമായും അഴിമതിരഹിതമായും ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: