തിരുവന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരിച്ചെത്തി. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയെ സുധാകരൻ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു ചുമതല ഏറ്റെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വന്നതിനെ തുടർന്ന് അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരൻ തത്കാലത്തേക്ക് മാറി നിന്നത്.
താൽക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത എം.എം.ഹസൻ തിരഞ്ഞെടുപ്പിനു ശേഷവും ഒഴിയാത്തത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ചുമതല ഏറ്റെടുത്തതിന് പിന്നാലെ എംഎം ഹസനെ കെ സുധാകരൻ വിമർശിച്ചു. ചുമതല ഏറ്റെടുക്കുന്ന സമയത്ത് എംഎം ഹസന്റെ സാന്നിധ്യം ആവശ്യമായിരുന്നു എന്ന് സുധാകരൻ പറഞ്ഞു.

