സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡണ്ടായി കബിൽ സിബൽ തിരഞ്ഞെടുക്കപ്പെട്ടു


ന്യൂഡല്‍ഹി: സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍(എസ്‌സിബിഎ) പ്രസിഡന്റായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ തിരഞ്ഞെടുത്തു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 689നെതിരേ സിബല്‍ 1066 വോട്ടുകള്‍ നേടി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രദീപ് കുമാര്‍ റായിയൊണ് പരാജയപ്പെടുത്തിയത്. മുതിര്‍ന്ന അഭിഭാഷക പ്രിയ ഹിംഗോറാണി മൂന്നാം സ്ഥാനത്തെത്തി. മറ്റ് തസ്തികകളിലേക്കുള്ള മല്‍സരഫലങ്ങളുടെ ഫലങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ് നടന്നത്. ആകെയുള്ള 2850ല്‍ 2330 വോട്ടുകള്‍ പോള്‍ ചെയ്തു. 82.45% പോളിങാണ് രേഖപ്പെടുത്തിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മെയ് 9 ആയിരുന്നു. തുടര്‍ന്ന് സ്ഥാനാര്‍ഥി പട്ടികയുടെ കരട് നോട്ടീസ് ബോര്‍ഡിലും എസ്‌സിബിഎയുടെ വെബ്‌സൈറ്റിലും പ്രദര്‍ശിപ്പിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ചെയര്‍മാനും മുതിര്‍ന്ന അഭിഭാഷകരായ മീനാക്ഷി അറോറ, റാണാ മുഖര്‍ജി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് പേരാണ് മല്‍സരിച്ചിരുന്നത്. അഡ്വ. നീരജ് ശ്രീവാസ്തവ, മുന്‍ പ്രസിഡന്റ് ആദിഷ് ചന്ദ്ര അഗര്‍വാല, അഡ്വ. ത്രിപുരാരി റേ എന്നിവരായിരുന്നു മത്സരിച്ച മറ്റ് സ്ഥാനാര്‍ത്ഥികള്‍. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏഴ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ സുകുമാര്‍ പട്ട്‌ജോഷി, സ്വരൂപ് പ്രവീണ, രചന ശ്രീവാസ്തവ എന്നിവര്‍ക്ക് പുറമെ അഭിഭാഷകരായ മനോജ് മിശ്ര, സ്വരൂപ് പ്രവീണ, ഓങ്കാര്‍ സിങ്, സ്പര്‍ഷ്‌കാന്ത് നായക്, മുഹമ്മദ് ഉസ്മാന്‍ സിദ്ദിഖി എന്നിവരാണ് മല്‍സരിച്ചത്. ഓണററി സെക്രട്ടറി സ്ഥാനത്തേക്ക് പത്ത് പേരും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഒമ്പത് പേരും മല്‍സരിച്ചു. സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ സ്ഥാനത്തേക്ക് ഒമ്പത് പേരാണ് മല്‍സരിച്ചത്. എക്‌സിക്യുട്ടീവ് അംഗം സ്ഥാനത്തേക്ക് 54 പേരും ഖജാഞ്ചി സ്ഥാനത്തേക്ക് 10 പേരും ജോയിന്റ് ഖജാഞ്ചി സ്ഥാനത്തേക്ക് അഞ്ച് പേരുമാണ് മല്‍സരിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: