കണ്ണൂർ സർവകലാശാല വിസി: പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കി സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണു വിധി. പുനർനിയമനം ചോദ്യംചെയ്തുള്ള ഹരജികളിലാണ് സംസ്ഥാന സര്‍ക്കാരിനു കനത്ത തിരിച്ചടിയായുള്ള കോടതി ഉത്തരവ്.

കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്. ഗോപിനാഥന്റെ പുനർനിയമനത്തിനെതിരായ ഹരജികൾ ഒരു വർഷത്തോളമായി സുപ്രിംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇതുമായി ബന്ധപ്പെട്ട വാദം കോടതി പൂർത്തിയാക്കിയത്. വിധി പറയാൻ വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു. ഗവർണറും സംസ്ഥാന സർക്കാരും വി.സിയും ഹരജികളിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

ഇതിൽ ശക്തമായ നിലപാടാണ് ഗവർണർ സ്വീകരിച്ചത്. യു.ജി.സി ചട്ടങ്ങളുടെ ലംഘനമാണു പുനർനിയമനമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. എന്നാൽ, ചട്ടങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും കണ്ണൂർ സർവകലാശാലയുടെ നിയമനത്തിന് അനുസൃതമായാണു നിയമനമെന്നുമായിരുന്നു സർക്കാരിന്റെ പ്രതികരണം.

എന്നാൽ, അവസാനമായി വാദംകേട്ടപ്പോൾ സുപ്രധാനമായ നിരവധി ചോദ്യങ്ങൾ സുപ്രിംകോടതി ഉയർത്തി. കണ്ണൂർ സർവകലാശാലാ നിയമം അനുസരിച്ച് വി.സി നിയമനത്തിന് 60 വയസാണു പ്രായപരിധി. എന്നാൽ, ഈ പരിധി കഴിഞ്ഞ ഗോപിനാഥന് എങ്ങനെ നിയമനം നൽകിയെന്നു കോടതി ചോദിച്ചു.

പുനർനിയമനത്തിന് ഈ പ്രായപരിധി ബാധകമല്ലെന്നും അതു നിയമനത്തിനു മാത്രമാണെന്നുമായായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാൽ, നിയമനത്തിനും പുനർനിയമനത്തിനും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നാണു കോടതി അന്നു നിരീക്ഷിച്ചത്. നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള യോഗ്യതാ മാനദണ്ഡം പാലിച്ചുകൊണ്ട് മാത്രമേ പുനർനിയമനം നടത്താൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: