കാട്ടാന ആക്രമണം: ആറളത്ത് പ്രതിഷേധം; ഇന്ന് ഹർത്താൽ



കണ്ണൂർ:ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ സ്ഥലത്ത് വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കളക്ടർ വരാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. സണ്ണി ജോസഫ് എംഎൽഎ ഇടപെട്ടിട്ടും നാട്ടുകാരുടെ പ്രതിഷേധത്തിന് പരിഹാരമായില്ല. ആനയെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു സണ്ണി ജോസഫ് എംഎൽഎയുടെ പ്രതികരണം. സംഭവത്തിൽ സർക്കാർ നിസ്സംഗരായി ഇരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.

സങ്കടകരമെന്നായിരുന്നു വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. ആന മതിൽ നിർമാണം നീണ്ടുപോയതടക്കം വന്യമൃഗശല്യത്തിന് കാരണമായിട്ടുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ആറളത്ത് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വനം വകുപ്പ് മന്ത്രി രാജിവെക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. ഇന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ ആറളത്ത് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 3 മണിക്ക് സര്‍വകക്ഷിയോഗം സംഘടിപ്പിക്കും.

ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ ആയിരുന്നു സംഭവം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: