കൊച്ചി: ഇന്നലെ അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നു രാവിലെ ഒമ്പത് മണി മുതൽ 12 മണിവരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ കവിയൂർ പൊന്നമ്മയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. മോഹൻലാലും മമ്മൂട്ടിയുമടക്കം താരങ്ങൾ ആദരമർപ്പിക്കാനെത്തും.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് കവിയൂർ പൊന്നമ്മയുടെ അന്ത്യം സംഭവിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് 79 വയസിൽ മരണത്തിന് കീഴടങ്ങിയത്.
അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ച ‘മലയാള സിനിമയുടെ അമ്മയായ കവിയൂർ പൊന്നമ്മ കെപിഎസി നാടകങ്ങളിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. 1962 മുതൽ സിനിമയിൽ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ൽ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് അമ്മ വേഷങ്ങളിൽ തിളങ്ങി. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി.

