കീം : സര്‍ക്കാര്‍ അപ്പീലിന് ഇല്ല; വിധി നടപ്പാക്കിയെന്ന് സുപ്രീംകോടതിയെ അറിയിക്കും





ന്യൂഡല്‍ഹി: കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഇന്നലെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.


പ്രവേശന നടപടികള്‍ ആരംഭിച്ച ഘട്ടമായതിനാലാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രവേശന നടപടികള്‍ തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എഐസിടിഇ നിശ്ചയിച്ച സമയപരിധി കര്‍ശനമായി പാലിക്കണമെന്നതും അപ്പീലിന് പോകാത്തതിന് പിന്നിലെ കാരണമാണ്. പ്രവേശന നടപടികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നിയമപരമായ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കും. റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഇന്നു പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം.

റാങ്ക് പട്ടിക റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നതിനു പിന്നാലെ, റാങ്ക് പുനഃക്രമീകരിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പ്രവേശന നടപടികള്‍ ആരംഭിക്കുകയും ചെയ്തു. അലോട്ട്‌മെന്റു നടപടികളുടെ ഭാഗമായി ഓപ്ഷന്‍ നല്‍കുന്നതിലേക്ക് അടക്കം കടക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപ്പീല്‍ നല്‍കിയ നിയമപോരാട്ടം നീളുന്നത് പ്രതിസന്ധിയായേക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആ ബിന്ദു വ്യക്തമാക്കിയിരുന്നു.







Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: