കീം റാങ്ക് ലിസ്റ്റ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ല, പുതുക്കിയ ഫലം ഇന്ന്




തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍. പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്നും നടപടികള്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ പൂര്‍ത്തീകരിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

‘കീം പരീക്ഷയില്‍ നേരത്തെ തുടര്‍ന്ന് പോയ രീതിയില്‍ നീതികേടുണ്ട്. ഇത് വ്യക്തമായതോടെ ബദല്‍ കണ്ടെത്താനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ പ്രോസ്‌പെക്ടസ് നിലവില്‍ വന്നതിന് ശേഷം മാറ്റം വരുത്തിയത് ശരിയായില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പഴയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ പ്രോസ്‌കപെക്ടസില്‍ എപ്പോള്‍ വേണെങ്കിലും സര്‍ക്കാരിന് മാറ്റം വരുത്താം. പക്ഷെ കോടതി വിധി ഇപ്പോള്‍ അംഗീകരിക്കുന്നു’ മന്ത്രി പറഞ്ഞു.


കീം പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്ക് വാങ്ങിയാലും സ്റ്റേറ്റ് സിലബസിലെ കുട്ടികള്‍ക്ക് 35 മാര്‍ക്ക് കുറയുന്ന സ്ഥിതിയുണ്ടായിരുന്നു. പഴയ മാനദണ്ഡത്തില്‍ നീതികേടുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബദല്‍ കണ്ടെത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഐസിടിഇ അനുവദിച്ചിരിക്കുന്ന സമയം ഓഗസ്റ്റ് 14 ആണ്. അതിന് മുമ്പായി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. കുട്ടികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ സാധിക്കില്ല. എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കണം, കുട്ടികളുടെ നന്മയെ കണ്ടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഈ വര്‍ഷം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അതിനു കഴിയാതെ വന്നിരിക്കുകയാണ്. അടുത്ത വര്‍ഷം പുതിയ ഫോര്‍മുല നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: