ഷാഫിക്ക് വിട നല്‍കി കേരളം; കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി



      

അന്തരിച്ച സംവിധായകന്‍ ഷാഫിക്ക് വിട നല്‍കി കേരളം. മൃതദേഹം കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വിവിധ മേഖലകളിലെ പ്രമുഖര്‍ നേരിട്ടെത്തി അന്തിമോപചാരമര്‍പ്പിച്ചു.

പുലര്‍ച്ചെ രണ്ട് മണിയോടെ മൃതദേഹം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്ന് എളമക്കരയിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും അടുത്ത സുഹൃത്തുക്കളും വീട്ടിലെത്തി. കലൂര്‍ മണിപ്പാട്ട്പറമ്പിലെ സഹകരണ ബാങ്ക് ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, ലാല്‍, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി താരങ്ങളും സിനിമ പ്രവര്‍ത്തകരും അന്തിമോപചാരമര്‍പ്പിച്ചു.

മൂന്ന് മണിയോടെ മൃതദേഹം കലൂര്‍ ജുമാ മസ്ജിദിലെത്തിച്ചു. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം ഖബറടക്കി. മന്ത്രിമാരായ പി രാജീവവും കെബി ഗണേഷ്‌കുമാറും ഷാഫിയെ അനുസ്മരിച്ചു.

അര്‍ധരാത്രി 12.25നാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് അന്ത്യം. 57 വയസായിരുന്നു. ഈ മാസം 16നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

2001ലാണ് തന്റെ ആദ്യ സിനിമ സംവിധാനം ചെയ്തത്. ‘വണ്‍മാന്‍ഷോ’ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സംവിധാന രംഗത്തെത്തിയത്. തുടര്‍ന്ന് തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, മായാവി അടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. 18 സിനിമകളാണ് ഷാഫി ഇതുവരെ സംവിധാനം ചെയ്തത്. ഇതില്‍ ഒരു തമിഴ് സിനിമയും ഉള്‍പ്പെടും.

1968-ല്‍ എറണാകുളത്ത് ജനിച്ച ഷാഫി 1996-ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ സഹ സംവിധായകനായാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് റാഫി- മെക്കാര്‍ട്ടിന്‍ ചിത്രങ്ങളിലും അമ്മാവനായ സംവിധായകന്‍ സിദ്ദിഖിന്റെ സിനിമകളിലും പ്രവര്‍ത്തിച്ചു. ചോക്കളേറ്റ്, ലോലിപോപ്പ്, മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി, ഷേര്‍ലക്ക് ടോംസ് തുടങ്ങിയ സിനിമകളും സംവിധാനം ചെയ്ത ഷാഫിയുടെ അവസാന ചിത്രം 2022ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം എന്ന സിനിമയായിരുന്നു. ഷറഫുദ്ദീന്‍ ആയിരുന്നു നായകന്‍.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: