കൊച്ചി: തിരുവോണ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഐഎസ്എൽ 11–ാം സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്‍സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചത്. പഞ്ചാബ് എഫ്‍സിക്കായി പകരക്കാരൻ താരം ലൂക്ക മയ്സെൻ (86–ാം മിനിറ്റ്, പെനൽറ്റി), ഫിലിപ് മിർലാക് (90+5) എന്നിവർ ഗോൾ നേടി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ 90+2–ാം മിനിറ്റിൽ സ്പാനിഷ് താരം ഹെസൂസ് ഹിമെനെയാണ് നേടിയത്.
ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. ഗോൾരഹിത സമനിലയിലേക്കു നീങ്ങിയ മത്സരത്തിൽ 10 മിനിറ്റിനിടെ പിറന്ന മൂന്നു ഗോളുകളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. നിശ്ചിത സമയത്തിന്റെ അവസാന നാലു മിനിറ്റിലും അഞ്ച് മിനിറ്റ് ഇൻജറി ടൈമിലുമായാണ് ഗോളുകൾ പിറന്നത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ പലതവണ കയ്യാങ്കളിയുണ്ടായി.

