തിരുവനന്തപുരം: കേരളഗാന വിവാദത്തിൽ പോര് മുറുകുന്നു. സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എത്തിയ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരന്‍ തമ്പി. ത്യാഗത്തിന്‍റേയും സഹനത്തിന്‍റേയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘മഹത് പ്രവൃത്തി’കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ ‘ക്ളീഷേ’!!
പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ”അദ്ധ്യാത്മരാമായണം കിളിപ്പാട്ട്” –എന്നാണല്ലോയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സച്ചിദാനന്ദന്റെ കുറിപ്പിന്റെ പൂർണരൂപം
‘‘മറ്റുള്ളവരുടെ തെറ്റുകൾ, അഥവാ തെറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശിൽ ഏറുക ഒരു മഹത് പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫിസ് ജീവനക്കാരിയുടെതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അതു സകാരണം തിരസ്കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടെതായാലും. ഞാൻ തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്, ബൈബിളും.’’

ശ്രീകുമാരൻ തമ്പിയുടെ കുറിപ്പിൻ്റെ പൂർണരൂപം
ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ‘മഹത് പ്രവൃത്തി’കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ ‘ക്ളീഷേ’!!
പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ”അദ്ധ്യാത്മരാമായണം കിളിപ്പാട്ട്” –എന്നാണല്ലോ