തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസി തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം.
രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം തയ്യാറായിരുന്നില്ല. സംഭവത്തില്‍ പൊലീസും സര്‍വകലാശാലയും വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നിലപാട് സ്വീകരിച്ചത്. സര്‍വകലാശാലയില്‍ പ്രകോപനപരമായ എന്ത് ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്ന് ആരാഞ്ഞ ഹൈക്കോടതി ഭാരതാംബയെ കാവിക്കൊടിയേന്തിയ സ്ത്രീ എന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമാണെന്നും പറഞ്ഞിരുന്നു. ഹൈക്കോടതി നടപടി വന്നതിന് പിന്നാലെയാണ് സിന്‍ഡിക്കേറ്റ് അടിയന്തരയോഗം വിളിച്ചു ചേര്‍ത്തത്. വിഷയം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഷിജുഖാന്‍, അഡ്വ. ജി മുരളീധരന്‍, ഡോ നസീബ് എന്നിവര്‍ അടങ്ങിയ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.