തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ (വിസി) ഡോ. മോഹൻ കുന്നുമ്മലും റജിസ്ട്രാർ ഡോ കെഎസ് അനിൽകുമാറും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. റജിസ്ട്രാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയിരുന്ന വാഹനം ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് വിസി ഉത്തരവിറക്കി. കാർ സർവകലാശാല ഗാരേജിലേക്ക് മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സർവകലാശാലയിൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് വിസിയും റജിസ്ട്രാറും തമ്മിലുള്ള തർക്കങ്ങൾ ആരംഭിച്ചത്. ഈ സംഭവത്തിനു പിന്നാലെ റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പനും സെക്യൂരിറ്റി ഓഫീസർക്കുമാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. ഡ്രൈവറുടെ പക്കൽ നിന്ന് കാറിന്റെ താക്കോൽ വാങ്ങി മിനി കാപ്പനെ ഏൽപ്പിക്കാനും തുടർന്ന് വാഹനം സർവകലാശാലയുടെ ഗാരേജിൽ സൂക്ഷിക്കാനുമാണ് ഉത്തരവിൽ പറയുന്നത്
