നീന്തലിൽ ഹർഷിത ജയറാം; ദേശീയ ​ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം

ഡെറാഡൂൺ: ദേശീയ ​ഗെയിംസിൽ കേരളത്തിനു രണ്ടാം സ്വർണം. വനിതകളുടെ നീന്തലിലാണ് കേരളത്തിന്റെ സുവർണ നേട്ടം. വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമാണ് കേരളത്തിനു സ്വർണം സമ്മാനിച്ചത്. 2.42.38 മിനിറ്റിലാണ് താരം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. പുരുഷ വിഭാ​ഗം നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ട വെങ്കലം നേടിയിരുന്നു.

നേരത്തെ വനിതകളുടെ ഭാരോദ്വഹനത്തിലാണ് കേരളം ആദ്യ സ്വർണം നേടിയത്. സുഫ്‌ന ജാസ്മിനാണ് സ്വർണം നേടിയത്. വനിതകളുടെ 45കിലോ വിഭാഗത്തിലാണ് നേട്ടം.

തൃശൂർ വേലുപാടം സ്വദേശിയാണ് സുഫ്‌ന ജാസ്മിൻ. നേരത്തെ സർവകലാശാല വിഭാഗത്തിൽ ദേശീയ റെക്കോർഡിന് ഉടമ കൂടിയാണ് സുഫ്‌ന. മത്സരത്തിന്റെ തൊട്ടുമുൻപ് ഭാര പരിശോധനയിൽ 150 ഗ്രാം കൂടുതലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുടി മുറിച്ചാണ് ഇവർ മത്സരത്തിനെത്തിയത്.

തുടരെ രണ്ട് ജയങ്ങളുമായി കേരളത്തിന്‍റെ വനിതാ ബാസ്കറ്റ്ബോൾ ടീം സെമിയിലേക്ക് മുന്നേറി. ഫുട്ബോളിൽ കേരളം വിജയ തുടക്കമിട്ടു. മണിപ്പൂരിനെ 1-0ത്തിനു വീഴ്ത്തി. ബീച്ച് ഹാൻഡ് ബോളിൽ കേരളം മെഡൽ ഉറപ്പിച്ചിട്ടുണ്ട്. അസമിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ എത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: