
തിരുവനന്തപുരം : പോത്തൻകോട് വൃക്കരോഗിയായ അച്ഛനെ വധിക്കാൻ പതിനഞ്ചുകാരന്റെ ശ്രമം. വഴക്കു പറഞ്ഞതിന്റെ വിരോധത്തിൽ മകൻ സുഹൃത്തിനെയും കൂട്ടി പിതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയും നടപ്പിലാക്കുകയുമായിരുന്നു. പൊലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കാനും ശ്രമിച്ചു. എന്നാൽ ഇത് പോലീസ് തടഞ്ഞു. അച്ഛനും മകനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തു.
കുട്ടിയുടെ മാതാവ് ജോലിക്കു പുറത്തു
പോയ സമയത്തായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാവിലെ പോത്തൻകോട് പഞ്ചായത്ത് പരിധിയിലായിരുന്നു സംഭവം. മകൻ മറ്റൊരാളിന്റെ ചെരുപ്പിട്ടു വീട്ടിലെത്തിയത് അച്ഛൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തിരുന്നു. ഇതാണ് മകനെ പ്രകോപിപ്പിച്ചത്. പൊലീസ് പറയുന്നത് ഇങ്ങനെ: അച്ഛൻ മകനെ വഴക്കു പറഞ്ഞ ശേഷം വീടിനുള്ളിൽ കിടക്കുകയായിരുന്നു. ഈ സമയം മകൻ വീടിനകത്തും പുറത്തും പലവട്ടം കയറിയിറങ്ങി അൽപ്പനേരം കഴിഞ്ഞ മകന്റെ സുഹൃത്തും വീട്ടിലെത്തി. സുഹൃത്ത് ടീഷർട്ട് കൊണ്ടു മുഖം മറച്ചിരുന്നു. ഇരുവരും ചേർന്ന് മുളകു പൊടി കലക്കിയ വെള്ളം അച്ഛന്റെ മുഖത്തൊഴിച്ച ശേഷം ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ട് തലയിൽ തുരുതുരെ കുത്തി. കുട്ടികളിൽ നിന്ന് ഓടി രക്ഷപ്പെട്ട പിതാവ് പുറത്തിറങ്ങി കുട്ടികളെ അകത്തിട്ട് ഡോർ കയർ കൊണ്ട് കെട്ടി. ശേഷം നിലവിളിക്കുകയായിരുന്നു.
ഇതിനിടയിൽ കൂട്ടുകാരനെ മകൻ രക്ഷപ്പെടുത്തി. പൊലീസ് വരുന്നതു കണ്ട് മകൻ ജനാലക്കമ്പിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു. വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയാണ് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി സ്വബോധത്തോടെ ആണോ ഇതെല്ലം ചെയ്തത് എന്നതുൾപ്പടെ പോലീസ് അന്വേഷിക്കുന്നുണ്ട്.
