കാൻസ്: കാൻസ് ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യ ചിഹ്നമായി കണക്കാക്കുന്ന തണ്ണിമത്തൻ ബാഗുമായി എത്തി കനവി കുസൃതി. പായൽ കപാഡിയ സംവിധാനം ചെയ്‌ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശത്തോട് അനുബന്ധിച്ച് കാനിലെത്തിയ കനി കുസൃതിയും ദിവ്യ പ്രഭയും ഹ്രിന്ധു ഹാറൂണുമാണ് മലയാളത്തെ ലോകശ്രദ്ധയിലേക്ക് എത്തിച്ചത്. ചിത്രം കാനിൽ മികച്ച നിരൂപക പ്രശംസ നേടുകയുണ്ടായി. ഗ്രാൻഡി ലൂമിയർ തിയേറ്ററിൽ സിനിമ പൂർത്തിയായ ശേഷം കാണികൾ എഴുന്നേറ്റുനിന്ന് എട്ട് മിനിറ്റോളം കൈയ്യടിച്ചു.
ഐവറി നിറത്തിലുള്ള ഗൗണിൽ കാനിലെത്തിയ കനിയെ പക്ഷെ, കൂടുതൽ ശ്രദ്ധേയമാക്കിയത് കൈയ്യിൽ പിടിച്ച ബാഗ് ആയിരുന്നു. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി, പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന തണ്ണിമത്തന്റെ ഡിസെനിൽ ആയിരുന്നു ബാഗ്. ബാഗ് ഉയർത്തി നിൽക്കുന്ന കനിയുടെ ചിത്രം ഇതിനകം പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
പലസ്തീനിലെ ഇസ്രയേൽ അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായിരുന്നു തണ്ണി മത്തൻ. ലോക വ്യാപകമായി പലസ്തീൻ അനുകൂല റാലികളിലെല്ലാം തണ്ണിമത്തന്റെ ചിത്രങ്ങളോട് കൂടി കൊടികളും ഫ്ളക്സുകളും ഇമോജികളും പ്രചരിച്ചിരുന്നു. തണ്ണിമത്തന്റെ നിറങ്ങളായ ചുവപ്പ്, വെളുപ്പ്, കറുപ്പ്, പച്ച എന്നിവയാണ് പലസ്തീൻ പതാകയിലുള്ള നിറങ്ങൾ. 1967 ലെ യുദ്ധത്തിന് ശേഷം വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും കിഴക്കൻ ജറുസലേമിന്റെയും നിയന്ത്രണം ഇസ്രയേൽ പിടിച്ചെടുത്തപ്പോൾ, അധിനിവേശ പ്രദേശങ്ങളിൽ പലസ്തീൻ പതാക പരസ്യമായി പ്രദർശിപ്പിക്കുന്നത് കുറ്റകരമാക്കിയിരുന്നു. ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഫലസ്തീനികൾ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി തണ്ണിമത്തൻ ഉപയോഗിക്കാൻ തുടങ്ങിയത്
കനിയെ കൂടാതെ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഭിനേതാക്കളായ കേറ്റ് ബ്ലാഞ്ചെറ്റും ലീലാ ബെഖ്‌തിയും വേദിയിൽ പ്രത്യക്ഷപ്പെട്ടു. ബ്ലാഞ്ചെറ്റ് പലസ്തീൻ പതാകയുടെ നിറത്തിലുള്ള ഗൗൺ ധരിച്ചപ്പോൾ, തണ്ണിമത്തൻ്റെ വിത്തുള്ള പാറ്റേൺ ഉപയോഗിച്ച് ചെയ്ത ഹൃദയാകൃതിയിലുള്ള പിൻ ആയിരുന്നു ലീലാ ബെക്തി ധരിച്ചത്.
ബ്രൗൺ നിറത്തിലുള്ള ഔട്ട്ഫിറ്റാണ് ദിവ്യപ്രഭയുടേത്. ഐവറി നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു ഹൃദു ഹാറൂണിന്റെ വേഷം. ചിത്രത്തിന്റെ പ്രദർശന ശേഷം ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ധ ഹാറൂൺ, ഛായാ ഖദം എന്നിവർക്കൊപ്പം രൺബീർ ദാസ്, ജൂലിയൻ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കീം എന്നിവരും റെഡ് കാർപ്പറ്റിൽ ചുവടുവെച്ചു
തന്റെ സിനിമയുടെ വിജയം ഈ സിനിമയിലെ അഭിനേതാക്കളാണെന്ന് പായൽ കപാഡിയ പ്രതികരിച്ചു. കാനിലെ താരങ്ങളുടെ ചിത്രം പങ്കുവെച്ച് ട്രാൻജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമും രംഗത്തെത്തി. ‘കാൻ വേദിയിലെ മലയാളി പെൺ കുട്ടികൾ, പെണ്ണുങ്ങൾ സിനിമയിൽ ഇല്ല എന്ന വിഷമം തീരട്ടെ’ എന്നായിരുന്നു ശീതളിന്റെ പോസ്റ്റ്.

