കൊച്ചി:കാർ പുഴയിൽ വീണുണ്ടായ അപകടത്തിൽ രണ്ട് ഡോക്ടർമാർ മരിച്ചു. എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈതും ഡോ. അജ്മലുമാണ് മരിച്ചത്. ഗോതുരുത്ത് കടൽവാതുരുത്ത് പുഴയിലേക്കാണ് കാർ മറിഞ്ഞ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപെടുത്തി.പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.ഇന്നലെ രാത്രി കൊച്ചിയിൽ നടന്ന ഒരു പാർട്ടി കഴിഞ്ഞ് കൊടുങ്ങല്ലൂരിലേക്ക് മടങ്ങുകയായിരുന്നു ഇവർ. ഗുഗിൾ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ കനത്ത മഴ കാരണം കാഴ്ച മറഞ്ഞതാകാം അപകടകാരണമെന്നാണ് നിഗമനം. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ്രക്ഷാപ്രവർത്തനം നടത്തിയത്.കാർ കണ്ടെത്തുമ്പോൾതന്നെ രണ്ടുപേരുടെ മൃതദേഹം വെള്ളത്തിൽ ഒഴുകിക്കിടക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാറിന്റെ ഡോർ തുറന്ന് കിടന്നിരുന്നതിനാൽ മെയിൽ നേഴ്സിനെയും ഒരു മെഡിക്കൽ വിദ്യാർത്ഥിയെയുമടക്കം മൂന്ന് പേരെ രക്ഷപെടുത്തി. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
