വാഷിംഗ്ടൺ: 1951ല്‍ ആറാം വയസ്സില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയെ 79-ാം വയസ്സില്‍ കണ്ടെത്തി. യുഎസിലാണ് കൗതുകകരമായ സംഭവം. ലൂയിസ് അന്‍മാന്‍ഡോ ആല്‍ബിനോ എന്ന ആറുവയസ്സുകാരനെ 1951 ഫെബ്രുവരി 21നാണ് കാണാതാവുന്നത്. വെസ്റ്റ് ഓക്ലാന്‍ഡിലെ പാര്‍ക്കില്‍ സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന ആല്‍ബിനോയെ മിഠായി നല്‍കാമെന്ന് പറഞ്ഞ് ഒരു സ്ത്രീ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ഇതിനു ശേഷം ആല്‍ബിനോയെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല.
ഈ വര്‍ഷം ആല്‍ബിനോയുടെ അനന്തരവളായ 63കാരി അലീഡ ആലിക്വിന്‍ നടത്തിയ അന്വേഷണമാണ് പതിറ്റാണ്ടുകള്‍ നീണ്ട കിഡ്‌നാപ്പിങ് കേസിന് പരിസമാപ്തി കുറിച്ചത്. പോലീസിന്റെയും എഫ്ബിഐയുടെയും റിപോര്‍ട്ടുകളും ഡിഎന്‍എ പരിശോധനയും ലൂയിസ് അര്‍മാന്‍ഡോ ആല്‍ബിനോ പഴയ കാണാതായ കുട്ടി തന്നെയെന്ന് സ്ഥിരീകരിക്കാന്‍ സഹായിച്ചു.
കണ്ടെത്തുമ്പോഴേക്കും അഗ്നിശമനസേനയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു ആല്‍ബിനോ. 2024 ജൂണിലാണ് ആല്‍ബിനോ തന്റെ സഹോദരന്‍ റോജര്‍ അടക്കമുള്ള കുടുംബാംഗങ്ങളുമായി ഒത്തുചേരുന്നത്. 82കാരനായ റോജര്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം മരിക്കുകയും ചെയ്തു.
2020ല്‍ അലീഡ ആലിക്വിന്‍ ഓണ്‍ലൈന്‍ ആയി ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. ഇതിന്റെ പരിശോധനാഫലം കിട്ടിയപ്പോള്‍ ആല്‍ബിനോയുമായി 22 ശതമാനം സാമ്യത കണ്ടെത്തി. ഇതോടെ അലീഡ തന്റെ പുത്രിമാരുമായി ചേര്‍ന്ന് പഴയ പത്രറിപോര്‍ട്ടുകളും മറ്റും കണ്ടെത്തി. ലൂയിസ് അല്‍ബിനോയുടെ പഴയ ചിത്രങ്ങള്‍ കണ്ടതോടെ അലീഡയുടെ സംശയം അധികരിക്കുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അന്ന് തട്ടിക്കൊണ്ടുപോയ ആല്‍ബിനോയെ കണ്ടെത്തുകയുമായിരുന്നു.
പാര്‍ക്കില്‍ നിന്ന് മിഠായി വാഗ്ദാനം ചെയ്ത സ്ത്രീക്കൊപ്പം പോയതടക്കമുള്ള കാര്യങ്ങള്‍ ആല്‍ബിനോക്ക് ഓര്‍മയുണ്ട്. എന്നാല്‍ പുതിയൊരു വീട്ടില്‍ ജീവിതം തുടര്‍ന്ന ആല്‍ബിനോക്ക് തന്റെ വീട്ടുകാരിലേക്ക് എത്തുന്നതിന് കഴിഞ്ഞിരുന്നില്ല. പലപ്പോഴും താന്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നെങ്കിലും തനിക്കതിനു ഉത്തരങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും ആല്‍ബിനോ പറയുന്നു. നഷ്ടപ്പെട്ട മകനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ നിറവേറാതെ ആല്‍ബിനോയുടെ അമ്മ 2005ല്‍ അവരുടെ 92ാം വയസ്സില്‍ മരിച്ചിരുന്നു.

