കൊച്ചി∙ കൊച്ചിയിൽ ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം. കനത്ത മഴയിലും തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ്, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചുകയറിയത്. ബെംഗളൂരു താരം കെസിയ വീൻഡോർപ് (സെല്‍ഫ് ഗോൾ 52–ാം മിനിറ്റ്), ക്യാപ്റ്റൻ അഡ്രിയൻ ലൂണ (69–ാം മിനിറ്റ്) എന്നിവരുടെ ഗോളുകളിലാണ് ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്. ബെംഗളൂരുവിനായി 90–ാം മിനിറ്റിൽ കുർട്ടിസ് മെയ്നാണു ലക്ഷ്യം കണ്ടത്. ആദ്യ പകുതിയിലെ ഗോൾ വരൾച്ചയ്ക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്.
മുട്ടുകുത്തിച്ച് ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരത്തിൽ ബംഗളൂരുവിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്
