കോടിയേരിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്; പയ്യാമ്പലത്ത് കോടിയേരി സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്തു

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം. 69ാം വയസില്‍ ആയിരുന്നു അര്‍ബുദത്തോടുള്ള പോരാട്ടം അവസാനിപ്പിച്ച് കോടിയേരി മടങ്ങിയത്. ജനഹൃദയങ്ങളിൽ ആഴത്തിൽ ഇടം നേടിയ അതുല്യനായ നേതാവായിരുന്നു കോടിയേരി . കോടിയേരിയുടെ സ്മൃതിമണ്ഡപം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അനാച്ഛാദനം ചെയ്തു. കോടിയേരിയുടെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന കണ്ണൂർ പയ്യാമ്പലത്താണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്.ഇ.കെ. നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിയുടെ സ്മൃതി മണ്ഡപം.

വൈകിട്ട് തലശ്ശേരിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കനത്ത മഴയെ അവഗണിച്ച് കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്തേക്ക് പ്രവർത്തകർ ഒഴുകിയെത്തി.

കണ്ണൂർ നഗരത്തിൽ നിന്ന് റാലിയായി എത്തിയ പ്രവർത്തകർ സ്മൃതി കുടീരത്തിൽ സംഗമിച്ചു. മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികളാണ് കണ്ണൂരിൽ സിപിഎം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം വാക്സ് മ്യൂസിയത്തിൽ കോടിയേരി ബാലകൃഷ്ണൻ്റെ മെഴുക് പ്രതിമയിൽ മന്ത്രി വി.ശിവൻകുട്ടി ഹാരാർപ്പണം നടത്തി.

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോടിയേരി അനുസ്മരണം പി.ബി.അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്തു. വൈകിട്ട് കണ്ണൂർ തലശ്ശേരിയിലും തളിപ്പറമ്പിലും ബഹുജന റാലിയും വളണ്ടിയർ മാർച്ചും അനുസ്മരണ സമ്മേളനവും നടക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: