തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നി ജാഥയുടെ സമാപന വേദിയിൽ പ്രവർത്തകരോട് രോഷാകുലനായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സമാപന സമ്മേളനത്തിനെത്തിയ പ്രവർത്തകർ നേരത്തേ പിരിഞ്ഞുപോയതാണ് സുധാകരനെ ചൊടിപ്പിച്ചത്. ഇതോടെ പ്രവർത്തകരെ ശാസിച്ച് കെപിസിസി പ്രസിഡന്റ് രംഗത്തെത്തുകയായിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ സുധാകരനെ തിരുത്തി പ്രതിപക്ഷ നേതാവും രംഗത്തെത്തി.
മുഴുവൻ സമയം പ്രസംഗം കേൾക്കാൻ പറ്റില്ലെങ്കിൽ എന്തിന് വന്നുവെന്നായിരുന്നു പ്രവർത്തകരോട് സുധാകരൻറെ ചോദ്യം. ലക്ഷകണക്കിന് രൂപ മുടക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ട് പേർ സംസാരിച്ച് കഴിഞ്ഞ് ആളുകൾ പോവുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇങ്ങനെ ആണെങ്കിൽ എന്തിന് പരിപാടി സംഘടിപ്പിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ സുധാകരന്റെ വിമർശനത്തിനു പിന്നാലെ പ്രവർത്തകരെ അനുകൂലിച്ച് സതീശൻ സംസാരിച്ചു. ‘‘മൂന്നുമണിക്കു കൊടുംചൂടിൽ വന്നുനിൽക്കുന്നവരാണ്. അഞ്ചുമണിക്കൂർ തുടർച്ചയായി ഇരുന്നു. 12 പേർ പ്രസംഗിച്ചു. അതിനാൽ പ്രവർത്തകർ പോയതിൽ പ്രസിഡന്റ് വിഷമിക്കേണ്ട’’– സതീശൻ പറഞ്ഞു.

