കെഎസ്ആർടിസി ബസ് റെയിൽ പാളത്തിൽ കുടുങ്ങി; തള്ളി നീക്കിയതിന് തൊട്ടുപിന്നാലെ ട്രെയിൻ കുതിച്ചെത്തി; ഒഴിവായത് വൻദുരന്തം



ആലപ്പുഴ: കെഎസ്ആർടിസി ബസ് ലെവൽ ക്രോസിൽ വച്ച് റെയിൽ പാളത്തിൽ കുടുങ്ങി പരിഭ്രാന്തി പരത്തി. കുടുങ്ങിയ ബസ് പാളത്തില്‍ നിന്നും പെട്ടന്ന് തള്ളി നീക്കിയതിനാല്‍ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ബസ് തള്ളി നീക്കിയതിന് തൊട്ടുപിന്നാലെ പാളത്തിലൂടെ ട്രെയിന്‍ കടന്നുപോവുകയും ചെയ്തു. ഇന്ന് വൈകിട്ട് ആറരയോടെ ഹരിപ്പാട് തൃപ്പക്കുടം റെയില്‍വെ ക്രോസിലാണ് സംഭവം. ഹരിപ്പാട് നിന്നും എടത്വ വഴി കോട്ടയം പോകുന്ന കെഎസ്ആര്‍ടിസി ബസ് ലെവല്‍ ക്രോസിലൂടെ കടന്നുപോകുന്നതിനിടെ പാളത്തില്‍ കുടുങ്ങുകയായിരുന്നു.

ബസിന്‍റെ ചവിട്ടുപടി പാളത്തില്‍ തടഞ്ഞ് ബസ് മുന്നോട്ടെടുക്കാന്‍ കഴിയാതെ നിന്നുപോവുകയായിരുന്നു. ബസ് മുന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയില്‍ പാളത്തിലൂടെ ട്രെയിന്‍ കടന്നുപോകാനുള്ള സമയവുമായി. ബസില്‍നിന്നും യാത്രക്കാരും ബസ് ജീവനക്കാരുമിറങ്ങി. സമയം കളയാതെ യാത്രക്കാരും ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ ബസ് പാളത്തില്‍നിന്ന് തള്ളിയിറക്കുകയായിരുന്നു. ഇതിനുതൊട്ടുപിന്നാലെ ട്രെയിന്‍ കടന്നുപോയി. ബസ് പാളത്തില്‍നിന്ന് തള്ളിയിറക്കിയില്ലെങ്കില്‍ ട്രെയിന്‍ ഇടിച്ച് വലിയൊരു അപകടമുണ്ടാകാനുള്ള സാധ്യതാണ് തലനാരിഴയ്ക്ക് വഴിമാറിയത്. സംഭവം നടക്കുമ്പോള്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. മുമ്പും നേരത്തെ ഈ ലെവല്‍ ക്രോസില്‍ വാഹനങ്ങള്‍ കുടുങ്ങിയിട്ടുണ്ടെന്നും ശാസ്ത്രീയ നിര്‍മാണമാണിതിന് കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: