പത്തനംതിട്ട: കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ സ്വിഫ്റ്റ് ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഹരിപ്പാട് കുമാരപുരം ദേവദേയത്തിൽ കെ.കമലനെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. മാവേലിക്കര യൂണിറ്റിൽ കരാറടിസ്ഥാനത്തിൽ ഡ്രൈവർ കം കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നു കമലൻ. കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന്റെ പോരായ്മകൾ തുറന്നുകാട്ടി വിഡിയോ ചെയ്തതിനെ തുടർന്ന് കരാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കമലനെ കഴിഞ്ഞ 23ന് പിരിച്ചുവിട്ടത്.
20 വർഷത്തെ സൈനിക സേവനം അവസാനിപ്പിച്ചാണ് 2022ൽ ദിവസ വേതന അടിസ്ഥാനത്തിൽ സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടറായി കമലൻ ജോലിയിൽ പ്രവേശിച്ചത്. സൈന്യത്തിൽ മോട്ടർ ട്രാൻസ്പോർട്ട് ഡ്രൈവർ ഹവിൽദാരായിട്ടാണ് വിരമിച്ചത്. സ്വിഫ്റ്റിൽ നടക്കുന്ന അനീതികൾക്കെതിരെ മന്ത്രിയോടും ഉന്നത ഉദ്യോഗസ്ഥരോടുമടക്കം പലതവണ തെളിവുസഹിതം പരാതി പറഞ്ഞിരുന്നു. എന്നാൽ, ഒരു നടപടിയുണ്ടാകാതെ വന്നപ്പോഴാണ് സ്വിഫ്റ്റ് ജീവനക്കാരും കമലനും ചേർന്ന് സമൂഹ മാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് കരാർ വ്യവസ്ഥകൾ ലംഘിച്ചു എന്നാരോപിച്ച് കമലനെ പിരിച്ചുവിട്ടത്.
വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ തിരികെ നൽകണമെന്നും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നിർവഹിക്കണമെന്നും ആവശ്യപ്പെട്ട് കമലന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ജീവനക്കാർ പലതവണ നിവേദനങ്ങളും പരാതികളും നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.
‘മതിയായ പരിശോധനകളില്ലാതെയാണ് ഇപ്പോൾ സ്വിഫ്റ്റിലേക്ക് ജീവനക്കാരെ എടുക്കുന്നത്. ഡ്രൈവർമാരുടെ പരിചയക്കുറവ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. എന്നാൽ ഇത് മന്ത്രിയടക്കമുള്ളവർ കണ്ടില്ലെന്നു നടിക്കുന്നതിലാണ് വിഷമം. കഴിഞ്ഞ വർഷം സ്വിഫ്റ്റിൽനിന്ന് 500ൽ അധികം ജീവനക്കാരാണ് രാജിവച്ചുപോയത്.’– കമലൻ പറഞ്ഞു. പിരിച്ചുവിട്ട നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് കമലൻ.
