പത്തനംതിട്ട: കുളനട മാന്തുക പെട്രോൾ പമ്പിന് സമീപം നടന്ന അപകടത്തിൽ രണ്ട് മരണം. കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. തിരുവോണ ദിനത്തിൽ രാത്രി 9.30 ഓടെയായിരുന്നു സംഭവം. ജീപ്പ് ഡ്രൈവർ ബിജു വിലാസത്തിൽ അരുൺ കുമാർ (29), ജീപ്പ് യാത്രികയായ കൊല്ലം കോട്ടയ്‌ക്കൽ ലതിക ഭവനിൽ ലതിക (50) എന്നിവരാണ് മരിച്ചത്.
അഞ്ചലിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ജീപ്പ് മാന്തുക പെട്രോൾ പമ്പിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട് തൃശൂരിൽ നിന്നും കളിയിക്കാവിളയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലേക്ക് ഇടിക്കുകയായിരുന്നു. കോട്ടയത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ ബന്ധുക്കളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പന്തളത്തെയും ചെങ്ങന്നൂരിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
