കെ എസ്‌ ആർ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്‌റ്റ്‌ പ്രീമിയം ബസ് ഇന്നു മുതൽ സർവീസ് തുടങ്ങും; വൈഫൈ,മ്യൂസിക് സിസ്റ്റം, പുഷ്ബാക്ക് സീറ്റ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ

തിരുവനന്തപുരം: കെ എസ്‌ ആർ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്‌റ്റ്‌ പ്രീമിയം ബസ് ഇന്നു മുതൽ സർവീസ് തുടങ്ങും. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആനവണ്ടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അധ്യക്ഷത വഹിക്കും. സൂപ്പർ ഫാസ്‌റ്റിനും എക്‌സ്‌പ്രസിനും ഇടയിലുള്ള ടിക്കറ്റ് നിരക്കുമായി സർവീസ് നടത്തുന്ന ബസിൽ വൈഫൈ കണക്‌ഷൻ, മ്യൂസിക്‌ സിസ്‌റ്റം, പുഷ്‌ ബാക്ക്‌ സീറ്റ്‌ തുടങ്ങി നിരവധി സൗകര്യങ്ങൾ ഉണ്ടാകും. 40 സീറ്റുകളോടു കൂടിയ 10 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസിനെത്തുന്നത്.

തിരുവനന്തപുരം – കോഴിക്കോട്‌, കോഴിക്കോട്‌ – തിരുവനന്തപുരം, തിരുവനന്തപുരം – പാലക്കാട്‌, പാലക്കാട്‌ – തൃശൂർ റൂട്ടുകളിൽ എ സി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌ നടത്തുമെന്നാണ് കെ എസ്‌ ആർ ടി സി നേരത്തെ അറിയിച്ചിരുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക്‌ ചെയ്യാം. ഇടയ്‌ക്ക്‌ യാത്രക്കാർക്ക്‌ ഭക്ഷണം കഴിക്കാൻ ഗുണനിലവാരമുള്ള ഹോട്ടലുകളിൽ സൗകര്യം ഒരുക്കും.

തുടക്കത്തിൽ എം സി റോഡിനാണ്‌ മുൻഗണന നൽകുന്നത്. ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാലാണ് സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്‌റ്റ്‌ പ്രീമിയം ബസുകൾ എംസി റോഡിലൂടെ പായുക. കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രയാണ്‌ അത്യാധുനിക സൗകര്യങ്ങളും ഒരുക്കുക എന്നതാണ് എ സി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസിലൂടെ കെ എസ്‌ ആർ ടി സി ലക്ഷ്യം വയ്ക്കുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: