തൃശൂർ: കെഎസ്‍യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദൻ എം ബിജെപിയിൽ ചേർന്നു. കൊടുങ്ങല്ലൂർ എടവിലങ്ങു മണ്ഡലം പ്രസിഡന്റുമാരായ ജിതേഷ് ഇആർ, പ്രിൻസ് തലാശ്ശേരി എന്നിവർ ചേർന്നു ഷാൾ അണിയിച്ചു സ്വീകരിച്ചു. കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിൽ കെഎസ്‍യു എസ്എഫ്ഐ സംഘർഷത്തിൽ പെട്ട കെഎസ്‍യു പ്രവർത്തകരെ സംരക്ഷിക്കുന്നതിനോ അവരുടെ വീടുകളിൽ പോകുവാനോ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്നു സച്ചിദാനന്ദൻ ആരോപിച്ചു.
കോൺഗ്രസിലും കെഎസ്‍യുവിലും നടക്കുന്ന ഗ്രൂപ്പ് വഴക്കിന്റെ പേരിൽ കോൺഗ്രസും അതിന്റെ പോഷക ഘടകങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്. അതിന് ഉദാഹരണമാണ് കെ മുരളീധരന്റെ തോൽവിയെ തുടർന്ന് നടക്കുന്ന ചർച്ചകൾ. തൃശൂർ ജില്ലയ്ക്ക് പ്രസിഡന്റ് ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു.ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരിൽ നശിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നു ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കാൻ കഴിയില്ല. അതിന് ഇന്ന് ലോക നേതാക്കളിൽ കരുത്തനായ നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിക്കേ സാധിക്കു.
കേരളത്തിൽ വളർന്നു കൊണ്ടിരിക്കുന്ന പാർട്ടി ബിജെപിയാണ് എന്ന തിരിച്ചറിവും തൃശൂർ ജില്ലാ നേതൃത്വം അതിശക്തവും പ്രവർത്തകരെ സംരക്ഷിക്കുവാൻ ഉള്ള കരുത്തുള്ളവരുമാണെന്നും മനസിലാക്കിയെന്നും ബിജെപിയിൽ അംഗത്വം സ്വീകരിച്ചു കൊണ്ട് ശ്രീ സച്ചിദാനന്ദൻ വ്യക്തമാക്കി. കെപി ഉണ്ണികൃഷ്ണൻ, ടിബി സജീവൻ, പി എസ് അനിൽകുമാർ, സെൽവൻ മണക്കാട്ടുപടി, സുബീഷ് ചെത്തിപാടത്ത്, കെ. എസ് വിനോദ്, എൽകെ മനോജ് എന്നിവർ സംബന്ധിച്ചു.
