കുവൈത്ത്: കുവൈത്തിൽ വർദ്ധിച്ചുവരുന്ന താപനില കണക്കിലെടുത്ത് രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത്തിൽ വിലക്ക്. ജൂൺ ആദ്യം മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് വിലക്ക് ഏർപ്പെടുത്തുന്നത്. കുവൈറ്റിലെ അതികഠിനമായ വേനൽക്കാല താപനില ഉയർത്തുന്ന ഗുരുതരമായ ആരോഗ്യ അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് അഡ്മിനിസ്ട്രേറ്റീവ് റെസല്യൂഷൻ വിശദീകരിച്ചിരിക്കുന്ന ഈ നടപടിയുടെ ലക്ഷ്യം.
മെയ് ആദ്യം മുതൽ, ഉച്ചസമയ ജോലി നിരോധനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലുടമകളെയും തൊഴിലാളികളെയും ബോധവൽക്കരിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ‘അവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം’ എന്ന പരിപാടിയുടെ കീഴിൽ ഒരു ബഹുഭാഷാ സോഷ്യൽ മീഡിയ അവബോധ കാമ്പെയ്‌നും ആരംഭിക്കും.
അതേസമയം നിയമലംഘനങ്ങൾ നിരീക്ഷിക്കാനും രേഖപ്പെടുത്താനും നിയമനടപടി സ്വീകരിക്കാനും അവർ ജോലിസ്ഥലങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തും. ഈ കാലയളവിലെ കഠിനമായ ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയാണ് ഉച്ചജോലി വിലക്കിന്റെ ലക്ഷ്യമെന്ന് മാൻപവർ അതോറിറ്റി കൂട്ടിച്ചേർത്തു.
തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് കഠിനമായ കാലാവസ്ഥ കാരണം ബുദ്ധിമുട്ടാണ്. അല്ലാതെ ജോലി സമയം കുറയ്ക്കാനല്ല എന്നും അധികൃതർ സൂചിപ്പിച്ചു. നടപ്പാക്കുന്ന പദ്ധതികൾക്ക് യാതൊരു ദോഷവും സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും മാൻപവർ അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.
