കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. ഇയാൾക്കായുള്ള തിരിച്ചറിയൽ നടപടി പുരോഗമിക്കുകയാണ്.
അതേസമയം കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ച തമിഴ്നാട് സ്വദേശികളുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട് സ്വദേശികളായ ഏഴുപേരാണ് ദുരന്തത്തിൽ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങളെ സ്റ്റാലിൻ അനുശോചനം അറിയിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെയും മറ്റ് തമിഴ് സംഘടനകളുടെയും സഹായത്തോടെ മരിച്ച ഏഴ് പേരുടെയും മൃതദേഹങ്ങൾ തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരികയാണെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.
തൂത്തുക്കുടി ജില്ലയിൽ നിന്നുള്ള വീരച്ചാമി മാരിയപ്പൻ, കടലൂർ ജില്ലയിൽ നിന്നുള്ള കൃഷ്ണമൂർത്തി ചിന്നദുരൈ, ചെന്നൈ സ്വദേശി ഗോവിന്ദൻ ശിവശങ്കർ, ട്രിച്ചി ജില്ലയിൽ നിന്നുള്ള രാജു എബമേശൻ, തഞ്ചാവൂർ ജില്ലയിൽ നിന്നുള്ള ഭുനാഫ് റിച്ചാർഡ്, രാമനാഥപുരം ജില്ലയിൽ നിന്നുള്ള കറുപ്പണ്ണൻ രാമു, വില്ലുപുരം ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഷെരീഫ് എന്നിവരാണ് കൊല്ലപ്പെട്ടത്.
കുവൈറ്റിൽ ചികിത്സയിൽ കഴിയുന്ന സംസ്ഥാനത്തു നിന്നുള്ളവർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ പ്രവാസി തമിഴരുടെ ക്ഷേമ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സർക്കാർ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
കുവൈറ്റിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ മരിച്ച 49 പേരിൽ 45 ഇന്ത്യക്കാരും ഉൾപ്പെടുന്നു . ഇന്ത്യൻ എയർഫോഴ്സ് വിമാനം മരിച്ചവരുടെ മൃതദേഹങ്ങൾ അവരുടെ അന്ത്യകർമങ്ങൾക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇന്ത്യക്കാരിൽ 23 പേർ കേരളത്തിൽ നിന്നും, ഏഴ് പേർ തമിഴ്‌നാട്ടിൽ നിന്നും, രണ്ട് വീതം ആന്ധ്രാപ്രദേശിൽ നിന്നും ഒഡീഷയിൽ നിന്നുമുള്ളവരാണ്. ബിഹാർ, മധ്യപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ്.
അതേസമയം കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. ഇന്ത്യൻ വ്യോമസേനയുടെ C-130J സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിലാണ് മൃതദേഹങ്ങൾ കൊണ്ട് വരുന്നത്. തമിഴ്നാട്, കർണാടക സ്വദേശികളുടെയും മൃതദേഹങ്ങൾ കൊച്ചിയിലേക്കാണ് കൊണ്ട് വരുന്നത്.
മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിക്കുന്നതിനായി 23 ആംബുലൻസുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ആംബുലസുകൾക്കും പോലീസിൻ്റെ അകമ്പടിയോടെയാണ് അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. മന്ത്രിമാരായ പി രാജീവ്, കെ രാജൻ, റോഷി അഗസ്റ്റിൻ എന്നിവർ എയർപോർട്ടിലെത്തി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും നെടുമ്പാശേരിയിലെത്തും

