കുമ്പള: ഗ്രാമപഞ്ചായത്ത് അക്കൗണ്ടിൽ നിന്നും ജീവനക്കാരൻ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് അനധികൃതമായി 11 ലക്ഷത്തിലേറെ രൂപ മാറ്റിയതായി കണ്ടെത്തൽ. ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽനിന്നുള്ള ജീവനക്കാർ നടത്തിയ പരിശോധനയിലാണ് തുക മാറ്റിയത് കണ്ടെത്തിയത്.
കുമ്പള ഗ്രാമപ്പഞ്ചായത്തിലെ ജീവനക്കാരൻ എം.രമേശ് ആണ് 11,04,959 രൂപ വിവിധ ഘട്ടങ്ങളിലായി തന്റെ ബന്ധുക്കളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയത്. ഇയാൾ നിരന്തരമായി ജോലിയിൽനിന്ന് മാറിനിന്നതിനാൽ സസ്പെൻഷനിലാണ്.
2023 സെപ്റ്റംബർ മുതൽ ഈ വർഷം മേയ് 16 വരേയുള്ള കാലഘട്ടത്തിലാണ് ക്രമക്കേടുകൾ നടന്നത്. ക്രമക്കേടുകൾ ബോധ്യപ്പെട്ടതിനാൽ സംഭവം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നേരത്തേ ഇതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
ഗ്രാമപ്പഞ്ചായത്തധികൃതർ കുമ്പള പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്.
അറിഞ്ഞില്ലെന്ന് പ്രസിഡന്റ്
സാമ്പത്തിക ഇടപാടുകൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ ലോഗിനിൽ വരണമെന്നിരിക്കേ, ഇത് ചെയ്യാതെ കൃത്രിമം കാട്ടിയതാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് യു.പി.താഹിറ യൂസഫ് പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും തദേശ സ്വയംഭരണ മന്ത്രിക്കും എ.കെ.എം. അഷ്റഫ് എം.എൽ.എ. മുഖാന്തരം പരാതി നൽകും. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണം. ഇതു സംബന്ധിച്ച് അടിയന്തര ഭരണസമിതി യോഗം വ്യാഴാഴ്ച വിളിച്ചുചേർത്തിട്ടുണ്ട് -അവർ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രസിഡൻറ്, വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, സ്ഥിരം സമിതി അംഗങ്ങളായ ബി.എ.റഹ്മാൻ ആരിക്കാടി, എം.സബൂറ, ഗ്രാമപ്പഞ്ചായത്തംഗം യൂസഫ് ഉളുവാർ എന്നിവർ പങ്കെടുത്തു.

