കോഴിക്കോട്: പി വി അൻവറിന്റെ 15 ഏക്കർ മിച്ചഭൂമി ഏറ്റെടുക്കാമെന്ന് താലൂക്ക് ലാൻഡ് ബോർഡിന്റെ റിപ്പോർട്ട്. ഭൂപരിധി നിയമം മറികടക്കാനായി നിലമ്പൂർ എംഎൽഎ ക്രമക്കേട് കാട്ടിയെന്നാണ് റിപ്പോർട്ട്. വ്യാജരേഖ നിർമ്മിച്ച് ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിച്ചെന്നും പങ്കാളിത്തത്തിലൂടെ പിവിആർ എന്റർടെയിൻമെന്റ് എന്നസ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനം തുടങ്ങാനായി പിവി അൻവറും ഭാര്യയും ചട്ടലംഘനം നടത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതിയിൽ പി.വി. അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ നടക്കുന്നതിനിടെയാണ് ലാൻഡ് ബോർഡിന്റെ പുതിയ കണ്ടെത്തൽ. അൻവറും കുടുംബവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് 34.37 ഏക്കർ ഭൂമിയുടെ അധിക ഭൂമി കൈവശം വച്ചതിന്റെ രേഖകൾ പരാതിക്കാരനായ പി.വി. ഷാജി ലാൻഡ് ബോർഡിന് കൈമാറി.
നേരത്തെ 12.46 ഏക്കർ അധികഭൂമിയുടെ രേഖകൾ ഇവർ കൈമാറിയതിന് പിന്നാലെയാണ് ഇപ്പോൾ അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധികമുള്ളതായി കണ്ടെത്തിയത്. പി.വി. അൻവർ, ഒന്നാംഭാര്യ ഷീജ അൻവർ, രണ്ടാം ഭാര്യ അഫ്‌സത്ത് അൻവർ ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങൾക്കെതിരെയാണ് ബോർഡ് നോട്ടീസ് നൽകിയിട്ടുളളത്.
