സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ ഡിസംബർ 4 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ ദീര്‍ഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പായി പരാതികളും നിര്‍ദ്ദേശങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ നല്‍കണം. മറ്റ് മാര്‍ഗേനയോ അവസാന തീയതിയ്ക്ക് ശേഷമോ ലഭിക്കുന്നവ സ്വീകരിക്കുന്നതല്ലായെന്ന് കമ്മീഷന്‍ അറിയിച്ചു.

കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ നവംബര്‍ 16 ന് പ്രസിദ്ധീകരിച്ചിരുന്നു. https://www.delimitation.lsgkerala.gov.in വൈബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും അവ പരിശോധനയ്ക്ക് ലഭ്യമാണ്. കരട് നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം തദ്ദേശസ്ഥാപനത്തിന്റെ ഡിജിറ്റല്‍ ഭൂപടവും ലഭ്യമാണ്.

വാര്‍ഡ് വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിയ്ക്കുള്ള പരാതികള്‍, സെക്രട്ടറി, ഡീലിമിറ്റേഷന്‍ കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് നാലാം നില, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം- 695033 ഫോണ്‍: 0471-2335030.എന്ന വിലാസത്തിലാണ് നല്‍കേണ്ടത്. വാര്‍ഡ് വിഭജന പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ സ്വീകരിക്കുന്നതല്ല.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കത്തിടപാടുകളും അന്വേഷണങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലകൂടിയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറിയ്ക്ക് അയക്കണം. മേല്‍വിലാസം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ്, ജനഹിതം, വികാസ്ഭവന്‍ പി.ഒ – 695033, തിരുവനന്തപുരം. ഫോണ്‍: 0471-2328158.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: