കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവര്‍ മരിച്ചതില്‍ പ്രതിഷേധിച്ച് മൂന്നാറില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍. ഓട്ടോ ഡ്രൈവർ കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ്കുമാര്‍ (46) ആണ് മരിച്ചത് . ഇന്നലെ രാത്രി 9.30 ടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളുമായി കന്നിമല എസ്റ്റേറ്റിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കന്നിമല എസ്റ്റേറ്റ് ടോപ്പിൽ എത്തുന്നതിന് മുൻപ് വഴിയിൽ നിന്നിരുന്ന കാട്ടാന ഓട്ടോ കുത്തി മറിച്ചിടുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ എസാക്കി രാജ, ഭാര്യ റെജിന എന്നിവർക്കാണ് പരുക്കേറ്റത്. പിന്നാലെയെത്തിയ ജീപ്പിൽ മൂവരെയും മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന ഇവരുടെ മകള്‍ പ്രിയ പരുക്കേല്‍ക്കാതെ രക്ഷപെട്ടു
ആനയുടെ ആക്രമണത്തില്‍ ഓട്ടോയുടെ അടിയില്‍പ്പെട്ട സുരേഷിന് രക്ഷപെടാനായില്ല. രണ്ടുമാസത്തിനിടെ മൂന്നാര്‍ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ നാലുപേരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മൂന്നാറിലെ കെഡിഎച്ച് വില്ലേജ് പരിധിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുകയണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡുപരോധിക്കും.

