പുതുവര്‍ഷത്തില്‍ നമുക്ക് പുതിയ ജീവിതം ആരംഭിക്കാം; മണിപ്പൂര്‍ കലാപത്തില്‍ മാപ്പുചോദിച്ച് മുഖ്യമന്ത്രി




ഇംഫാല്‍: മണിപ്പൂരിലെ കലാപത്തില്‍ ജനങ്ങളോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി ബിരേന്‍ സിങ്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഈ വര്‍ഷം ഉണ്ടായത്. അതില്‍ അതിയായ ഖേദവും വേദനയും ഉണ്ട്. സംഭവത്തില്‍ ജനങ്ങളോട് മാപ്പുചോദിക്കുന്നുവെന്ന് ബിരേന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

പുതുവര്‍ഷത്തിന്റെ തലേന്നാണ് മുഖ്യമന്ത്രി ബിരേന്‍ സിങ് മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ വര്‍ഷം വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷത്തോടെ സാധാരണ നിലയിലേക്ക് മണിപ്പൂര്‍ തിരിച്ചെത്തുമെന്ന പ്രത്യാശയും മുഖ്യമന്ത്രി പങ്കുവച്ചു. ‘കഴിഞ്ഞ മെയ് 3 മുതല്‍ ഇന്നുവരെ സംഭവിച്ചതില്‍ സംസ്ഥാനത്തെ ജനങ്ങളോട് ഞാന്‍ മാപ്പുചോദിക്കുന്നു. നിരവധി ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. പലര്‍ക്കും വീടുകള്‍ വിട്ടുപോകേണ്ടിവന്നു. സംഭവത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഞാന്‍ മാപ്പു ചോദിക്കുന്നു. എന്നാല്‍ ഇപ്പോള്‍, കഴിഞ്ഞ മൂന്ന് നാല് മാസമായി സമാധാനത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. 2025 ആകുമ്പോഴേക്കും സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.



‘സംഭവിച്ചതെല്ലാം സംഭവിച്ചു. കഴിഞ്ഞ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുകയും മറക്കുകയും വേണം, സമാധാനപരവും സമൃദ്ധവുമായ മണിപ്പൂരിലേക്ക് നമുക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാം,’ അദ്ദേഹം പറഞ്ഞു, മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒരുമിച്ച് ഐക്യത്തോടെ ജീവിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ മണിപ്പൂര്‍ കലാപം തണുപ്പിക്കാന്‍ ആവശ്യമായ നടപടികളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആവശ്യമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മണിപ്പൂരില്‍ നൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി സംഭവ സ്ഥലത്ത് എത്താത്തതിനെതിരയെും പ്രതിപക്ഷം രംഗത്തുവന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളും ബിജെപി നഷ്ടമായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: