‘നിപയെ ഒന്നിച്ച് നേരിടാം’; രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിപ വൈറസ് സംശയിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. മന്ത്രി മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടിരിക്കുന്നു. നിപ നിയന്ത്രണത്തിനായി നിപ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 25 കമ്മിറ്റികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ് ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 246 പേരും അതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 63 പേരുമാണ് നിലവിലുള്ളത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആവശ്യമായ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ താല്ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിപ പ്രതിരോധത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാം. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, മറ്റേതെങ്കിലും ജീവികള്‍ കടിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ പഴങ്ങള്‍ കഴിക്കരുത്, വാഴക്കുലയിലെ തേന്‍ കുടിക്കരുത്, വവ്വാലുകളെയോ അവയുടെ വിസര്‍ജ്യമോ അവ കടിച്ച വസ്തുക്കളോ സ്പര്‍ശിക്കുന്ന സാഹചര്യം ഉണ്ടായാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യുക. ഏതെങ്കിലും തരത്തില്‍ സംശയമുള്ളവര്‍ നിപ കണ്‍ടോള്‍ റൂമിലേക്ക് വിളിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍:

0483-2732010

0483-2732050

0483-2732060

0483-2732090

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: