തിരുവനന്തപുരം: അയിരൂർ പാളയംകുന്നിൽ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവം, കുട്ടിക്ക് പ്രായപൂർത്തിയായാലും 25 വയസ്സ് കഴിയാതെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കില്ലെന്ന് എംവിഡി. പ്രായപൂർത്തിയാകാത്ത മകന് മനപ്പൂർവ്വം വാഹനം ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസെടുത്തിരുന്നു. അയിരൂർ പോലീസാണ് കേസെടുത്തിരിക്കുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് പാളയംകുന്ന് ജംഗ്ഷന് സമീപം പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് പതിനാറുകാരനായ വിദ്യാർത്ഥി സ്കൂട്ടർ ഓടിച്ചുകൊണ്ട് പാരിപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. വാഹനം തടഞ്ഞു നിർത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞതിൽ അമ്മയുടെ അറിവോടും സമ്മതത്തോടുമാണ് വാഹനം ഓടിച്ചതെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു.
മോട്ടോർ വെഹിക്കിൾ ആക്ട് 199എ, ബിഎൻഎസ് 125, കെപി ആക്ട് 118ഇ എന്നിവ പ്രകാരം മാതാവിനെതിരെ അയിരൂർ പൊലീസ് കേസെടുത്തു. മോട്ടോർ വെഹിക്കിൾ ആക്ട് 199എ പ്രകാരം പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ 25000 രൂപ പിഴയോ, മൂന്ന് വർഷം തടവു ശിക്ഷയോ അല്ലെങ്കിൽ രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ 12 മാസത്തേയ്ക്ക് റദ്ദ് ചെയ്യാവുന്നതാണ്
